Thursday 12 November 2015

അക്കരെ

അക്കരെ

              ഒരു ചെറിയ കുന്നിന്റെ മുകളിലാണ് അക്ബറിന്റെ വീട്. പാവപ്പെട്ടവൻ, കൂലിപ്പണിക്കാരൻ. അതേ കുന്നിന്റെ താഴെയാണ് ജോസിന്റെ വീട്. പണക്കാരൻ, ബിസ്നെസ്സ്മാൻ . ഒരാളുടെ വീട്ടിൽനിന്നും നോക്കിയാൽ മറ്റേ ആളുടെ വീട് കാണാം..

                                   അക്ബർ കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ടാണ് അയാളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. അക്ബർ ഇടക്കൊക്കെ കുന്നിന്റെ താഴെയുള്ള ജോസിന്റെ വീട് നോക്കിനിൽക്കും. വലിയ വീട്, കാറുകൾ..,. എന്ത് സുഖമാണ് ജോസിന്. ധാരാളം പണം, ബിസിനെസ്സ് സ്ഥാപനങ്ങൾ, ബംഗ്ലാവ്...,. എന്നിട്ടും ദൈവം എന്തേ എനിക്ക് അരപ്പട്ടിണി തന്നു!
                                               സിറ്റിയിൽ പലയിടത്തായി ജോസിനു ബിസ്നെസ്സ്സ്ഥാപനങ്ങൾ ഉണ്ട്. ഇടക്കൊക്കെ ജോലിക്ക് പോകുമ്പോൾ അക്ബർ കാണാറുണ്ട്, ചില സ്ഥാപനങ്ങളുടെ മുൻപിൽ കാറിലിരുന്ന് ജോസ് ഉറങ്ങുന്നത്. എന്ത് സുഖമാണ് അയാൾക്ക്, എ സി കാറിലിരുന്ന് സുഖമായ ഉറക്കം. ഞാനോ..., ഈ വെയിലിൽ പണിക്ക് പോകുന്നു, പണിയെടുക്കുന്നു.
            ഇങ്ങിനെ ജോസിന്റെ സുഖവും സൌകര്യവും സമ്പാദ്യവും കണ്ട് അസൂയയോടെ അക്ബർ ദൈവത്തോട് പരാതി പറഞ്ഞുകൊണ്ട് ജീവിച്ചു!

                                                ജോസ് ഇടക്കൊക്കെ അക്ബറിന്റെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് നോക്കിനിൽക്കാറുണ്ട്. അക്ബർ കുട്ടികളോടൊപ്പം കളിക്കുന്നതും, ചിരിക്കുന്നതും, അവരുടെ സന്തോഷമുള്ള ജീവിതവും എല്ലാം കണ്ട് ജോസിന് അസൂയ തോന്നും. തനിക്കെന്തുകൊണ്ട് ദൈവം കുട്ടികളെ തന്നില്ല! തന്റെ വീട്ടിൽ കളിയും ചിരിയുമില്ല! എന്തെല്ലാം ടെൻഷനാണ്‌ താൻ താൻ അനുഭവിക്കുന്നത്. അവിടെ മീറ്റിംഗ്, ഇവിടെ മീറ്റിംഗ്, മാനേജേഴ്സിന്റെ പ്രോബ്ലം, വർക്കേഴ്സിന്റെ പ്രോബ്ലം ബാങ്കിലെ പ്രോബ്ലെംസ്... തനിക്കും 24 മണിക്കൂറല്ലേ ഉള്ളൂ.. രാവിലെ അഞ്ചുമണിക്ക് വീട്ടീന്ന് ഇറങ്ങിയാൽ രാത്രി 12 മണിയെങ്കിലുമാവും തിരിച്ചെത്താൻ. അതിനിടക്ക് നൂറുകൂട്ടം പണിയുണ്ട്. എന്നാലും പിന്നേം വരും ഫോണിൽ വിളി. ഇനി എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാലോ..,ഓരോന്നാലോചിച്ച് ടെന്ഷനടിച്ചങ്ങനെ കിടക്കും. അങ്ങിനെയിരിക്കുമ്പോൾ ജനൽ തുറന്ന് കുന്നിൻമുകളിലേക്ക് നോക്കും അവിടെ വെളിച്ചമോന്നും ഉണ്ടാകില്ല. അക്ബറും കുടുംബവും സുഖമായി ഉറങ്ങുകയായിരിക്കും. താനോ...
   രാത്രി ഉറങ്ങാൻ കഴിയാത്ത ചില ദിവസങ്ങളിൽ പകൽ തിരക്കിനിടയിൽ കുറച്ചു സമയം കാറിൽ ഇരുന്നൊന്നു മയങ്ങും. അതാണ് കുറച്ചെങ്കിലും ഒരു ആശ്വാസം. താനും ഒരു മനുഷ്യനല്ലേ... എന്നാലും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങുന്ന സുഖം അതിനു കിട്ടില്ലല്ലോ...
    തനിക്ക് ഒരു കുഞ്ഞിനെ തരാത്തതിനും, മനസമാധാനം കിട്ടാത്തതിനും അയാളും ദൈവത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്നു!

2 comments: