Sunday 1 November 2015

കാലക്കേട്

കാലക്കേട്

                        ദാമോദരൻ നായർ ഒരു പിശുക്കനായ പണക്കാരനായിരുന്നു. പണം ചെലവഴിക്കാൻ അയാൾക്ക് മടിയാണ്. അതുകൊണ്ടുതന്നെയാണ് ഭാര്യയും രണ്ട് മക്കളും പിണങ്ങിപ്പോയതും. അത്രയും ചിലവ് കുറഞ്ഞല്ലോ എന്ന് കരുതി അയാൾ അവരെ തിരിച്ചുവിളിക്കാനും പോയില്ല! ഇടക്കിടക്ക് സമ്പാദ്യങ്ങളുടെ കണക്കുകളും രേഖകളും എല്ലാം എടുത്ത് നോക്കുമ്പോൾ അയാൾക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് ഇനിയും എങ്ങിനെ വർദ്ധിപ്പിക്കാം എന്ന് അയാൾ ആലോചിച്ചുകൊണ്ടിരുന്നു.

                                     അങ്ങനെയിരിക്കെ ഒരുദിവസം രാത്രി ഭക്ഷണവും  കഴിച്ച് അയാൾ ഉറങ്ങാൻ കിടന്നു. ഏകദേശം ഒരുമണി ആയിക്കാണും, റൂമിൽ എന്തോ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്. എഴുന്നേറ്റ് ലൈട്ടിറ്റുനോക്കി. അപ്പോഴതാ മുൻപിൽ ഒരു രൂപം! മനുഷ്യരൂപംതന്നെയാണ്. പക്ഷെ, കൊമ്പുകൾ ഉള്ള ഒരു കിരീടവും കൊമ്പൻ മീശയും, ഒരു കൈയ്യിൽ ഗദയും മറ്റേ കൈയ്യിൽ ഒരു കയറും. പുരാതന രീതിയിൽ ഉടുത്തിരിക്കുന്ന മുണ്ടും കൈയ്യിലും കഴുത്തിലുമെല്ലാം കുറച്ച് ആഭരണങ്ങളും. ഷർട്ട് ഇല്ല! ശരീരത്തിൽ പലയിടത്തും മുറിവും രക്തവും! എവിടെയോ കണ്ടുപരിചയമുള്ള മുഖം. എവിടെയാണെന്ന് ഓർമ വരുന്നില്ല!
ദാമോദരൻ നായർ ചോദിച്ചു.
"ആരാ.., മനസ്സിലായില്ല?"
ആഗതൻ പറഞ്ഞു, "ഞാൻ കാലൻ"
          നായർ ഒന്ന് പേടിച്ചു, എങ്കിലും ധൈര്യം സംഭരിച്ചു.
നായർ: "എന്താ ദേഹമാസകലം രക്തം?''
കാലൻ: ''വരുന്ന വഴിയിൽ ഒരു ആക്സിടന്റ്റ്, ഒരു പാണ്ടിലോറി വന്നിടിച്ചു. പോത്ത് ചത്തു. ഞാൻ എങ്ങിനെയോ രക്ഷപ്പെട്ടു .കൈയ്യിലും കാലിലുമെല്ലാം മുറിവുണ്ട്''.
നായർ: ''ആട്ടെ, എന്തിനാ ഇങ്ങോട്ട് വന്നത്?''
കാലൻ: ''നിന്നെ കൊണ്ടുപോകാൻ.''
നായർ: ''എങ്ങൊട്ട്?''
കാലൻ: ''യമലോകത്തേക്ക് .''
നായർ: ''എന്തിന്?''
കാലൻ: ''നിൻറെ ഭൂമിയിലുള്ള ജീവിതം അവസാനിച്ചിരിക്കുന്നു. ഇന്ന് നീ മരിക്കണം. രാത്രി 12 മണിയായിരുന്നു മരണസമയം. പോത്ത് ചത്തതുകൊണ്ട് കുറച്ചുദൂരം നടക്കേണ്ടിവന്നു. മുറിവ് ഉള്ളതുകൊണ്ട് കൈയ്യിനും കാലിനും വല്ലാത്ത വേദനയും. അതാണ് വൈകിയത്. ഏതായാലും ഇനി വൈകണ്ട,മരിക്കാൻ തയ്യാറായിക്കൊള്ളു....''
ഇത്രയും കേട്ടതും നായർക്ക് പേടിയായി.
നായർ: ''എന്നെ കൊണ്ടുപോകരുത്.ഞാൻ ഒരു പാവമാണ്.''
കാലൻ: ''ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കൊണ്ടുപോയേ തീരൂ "
നായർ കരയാൻ തുടണ്ടി ,എന്നിട്ട് പറഞ്ഞു. ''എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവർക്ക് ആരുമില്ലാതാകും. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്''.
കാലൻ: ''എല്ലാവരും മരിക്കുന്നത് ഇങ്ങിനെതന്നെയാ.. ചെയ്തുതീർക്കാൻ പലതും ബാക്കിയുണ്ടാവും. പറഞ്ഞുനിൽക്കാൻ സമയം ഇല്ല. ഇപ്പോൾത്തന്നെ ഒരുമണിക്കൂർ വൈകി''.
                      നയർ പലതും പറഞ്ഞു രക്ഷപ്പെടാൻ നോക്കി. പക്ഷെ,കാലൻ സമ്മതിച്ചില്ല. അവസാനം അയാൾക്ക് അത് പറയേണ്ടിവന്നു.
"ഞാൻ എത്ര കാശ് വേണേലും തരാം..."
അത് കേട്ടതും കാലൻ ഒന്ന് അടങ്ങി.
കാലൻ: ''എത്ര തരും?''
നായർ: ''10 ലക്ഷം രൂപ.!''
കാലൻ: ''ആർക്ക് വേണം നിൻറെ 10 ലക്ഷം, പെട്ടെന്ന് മരിക്കാൻ തയ്യാറായിക്കൊള്ളു..''
നായർ: ''20 തരാം..''
കാലൻ: ''ദേ.., എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്!''
നായർ: ''50?''
കാലൻ: ''നീ പെട്ടെന്ന് റെഡിയാകൂ..''
നായർ: ''എന്നാൽ ഒരു കോടി തരാം.. അതിലും കൂടുതൽ ചോദിക്കരുത്.''
കാലൻ: ''എടോ... ഒരു കോടികൊണ്ട് എന്താവാനാ.. ഒന്നുമല്ലേലും നിൻറെ ജീവനല്ലേ തിരിച്ചുതരുന്നത്. അഞ്ച് കോടി തന്നാൽ ഒരു വർഷം സമയം നീട്ടിത്തരാം.. പറ്റുമോ?''
നായർ: ''ഒരു വർഷത്തിൽ കൂടുതൽ കിട്ടില്ലേ?''
കാലൻ: ''യമലോകത്തെ രജിസ്റ്ററിൽ ആരുമറിയാതെ തിയതി തിരുത്തി എഴുതാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഞാൻ ഇതുതന്നെ സമ്മതിച്ചത്. ഒരു വർഷം കഴിഞ്ഞാൽ അവിടെ കണക്കെടുപ്പ് ആണ്. അന്ന് ആളവിടെ ഉണ്ടാകണം. ഇല്ലെങ്കിൽ പണിപാളും.''
നായർ: ''എന്നാലും ഈ 5 കോടിയെന്നൊക്കെ പറയുമ്പോൾ കുറച്ചു കൂടുതലല്ലേ...!''
കാലൻ: ''നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. റിസ്ക്‌ ഉള്ള കാര്യമാ ചെയ്യുന്നത്. പുറത്തറിഞ്ഞാൽ പണി പോകും. പിന്നെ 5 കോടി., ഒരു വർഷത്തിന് അതിനേക്കാൾ കൂടുതൽ തരാൻ ആളുകൾ റെഡി ആണ്''.
നായർ: ''ഓക്കെ, സമ്മതിച്ചു. ഈ ഉപകാരം മരിച്ചാലും ഞാൻ മറക്കില്ല''.
കാലൻ: ''സോപ്പ് അവിടെ നിൽക്കട്ടെ, പോയി കാശെടുക്ക്. ഇനി 5 വീട്ടിലുംകൂടെ പോകാനുണ്ട്. ഇപ്പോൾത്തന്നെ സമയം ആകെ തെറ്റി. ഇന്നിനി ഓവർടൈം എടുക്കേണ്ടിവരും''.
നായർ അലമാര തുറന്ന് കാശ് എടുത്തു. എന്നിട്ട് പറഞ്ഞു.
''കാശ് 50 ലക്ഷമേ ഉള്ളു. ബാക്കി ചെക്ക് മതിയോ?''
കാലൻ: ''ചെക്ക് മടങ്ങുമോ?''
നായർ: ''ഇല്ല.''
കാലൻ : ''മടങ്ങാതിരുന്നാൽ നന്ന്. മടങ്ങിയാൽ ഞാൻ ഇങ്ങോട്ട് മടങ്ങിവരും''.
നായർ: ''ബാങ്കിൽ മുഴുവൻ കാശും ഉണ്ടാകില്ല. 9 ചെക്ക് തരാം.. എല്ലാ മാസവും ഞാൻ കാശ് ഇടാം..,50 ലക്ഷം വീതം ഓരോ മാസവും എടുത്തോളൂ...''
കാലൻ: ''ഓക്കെ''.
നായർ: ''അല്ല, ഒരു സംശയം, ഈ വേഷത്തിൽ ബാങ്കിൽ പോകുമ്പോൾ ആളുകൾ എന്തുവിചാരിക്കും?''
കാലൻ: ''ഞാൻ മരിക്കാറായ ആളുകളുടെ അടുത്ത് മാത്രമേ ഈ വേഷത്തിൽ പോകാറുള്ളൂ. അല്ലാതെ പുറത്തുപോകുമ്പോൾ സാധാരണ വേഷമാ.. ഏതായാലും നമ്മൾ രണ്ടുപേരല്ലാതെ മൂന്നാമതൊരാൾ ഇത് അറിയരുത്''.
പോകുന്നതിനുമുൻപ് കാലൻ തൻറെ വിസിറ്റിംഗ് കാർഡ്‌ എടുത്ത് നായർക്ക് നല്കി. നായർ അത് വാങ്ങി, കാലനെ യാത്രയാക്കി.
 കാലൻ പോയശേഷം നായർക്ക് ഉറക്കംവന്നില്ല. ആ രാത്രി എങ്ങിനെയോ അയാൾ തള്ളിനീക്കി.

                 പിറ്റേന്ന് രാവിലെതന്നെ അയാൾ വീട്ടിൽനിന്നിറങ്ങി. ഒരുപാടുനാളായി പല ആഗ്രഹങ്ങളും മനസ്സിലിട്ടു നടക്കുന്നു. ഈ ഒരു വർഷംകൊണ്ട് അതെല്ലാം തീർക്കണം. അതിനിടയിൽ എല്ലാ മാസവും കാലനുള്ള കാശ് ബാങ്കിൽ എത്താനുള്ള ഏർപ്പാടും ചെയ്യണം.

          അങ്ങിനെ അയാൾ ആർഭാടത്തോടെ ജീവിക്കാൻ തുടങ്ങി. തോന്നുന്നതെല്ലാം തിന്നു,തോന്നുന്നതെല്ലാം ചെയ്തു, തോന്നുന്നിടത്തൊക്കെ പോയി. അയാളുടെ സമ്പാദ്യങ്ങൾ കുറഞ്ഞുകുറഞ്ഞു വന്നു. സ്ഥലങ്ങൾ വിറ്റു. സ്ഥാപനങ്ങൾ വിറ്റു. അങ്ങിനെ ഒരുവർഷം പെട്ടെന്ന് കടന്നുപോയി.

                          ഇന്നാണ് ആ ദിവസം.ഇന്ന് രാത്രി 12 മണിക്ക് കാലൻ വരുമെന്നാണ് പറഞ്ഞിരുന്നത്. അയാൾക്ക് പേടിയായി. അയാൾക്ക് ജീവിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. കാലൻ വന്നാൽ വീടും സ്ഥലവും കൊടുത്തിട്ടെങ്കിലും ആയുസ്സ് നീട്ടി ചോദിക്കണം. തരുമോ എന്നറിയില്ല, എന്നാലും ചോദിക്കണം.
       
       രാത്രി 10 മണിയായി. അയാൾ ക്ലോക്കിലേക്ക് നോക്കികൊണ്ടിരുന്നു. 10.30 ആയി, 11.00  ആയി, 11.30 ആയി. അയാളുടെ ഭയം വർദ്ധിച്ചു വന്നു. എന്തൊരു വേഗതയാണ് ഈ ക്ലോക്കിന്. അയാൾ വാച്ചിലേക്ക് നോക്കി .11.30 ! അയാൾ അസ്വസ്ഥനായി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
                          11.45 . നെഞ്ചിൽ വല്ലാത്ത വേദന. കാലൻ വരുന്നതിനു മുൻപുതന്നെ താൻ ഹൃദയം പൊട്ടി മരിക്കുമോ എന്ന് അയാൾക്ക് തോന്നി.
       11.50.... 11.55..., 11.59 ദൈവമേ ഒരു മിനുട്ട് കൂടി. അയാൾ കണ്ണടച്ച് പ്രാർഥിക്കാൻ തുടങ്ങി. ഓർമവെച്ച കാലംമുതലുള്ള എല്ലാ കാര്യങ്ങളും ഒരു സ്ക്രീനിലെന്നപോലെ അയാളുടെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. അമ്മ, അച്ഛൻ, വീട്, ബന്ധുക്കൾ, കൂട്ടുകാർ, അദ്ധ്യാപകർ, സ്ക്കൂൾ, മാർക്കറ്റ്‌, ഭാര്യ, മക്കൾ അങ്ങിനെ എല്ലാം.. ഭാര്യയേയും മക്കളേയും വിളിക്കാമായിരുന്നെന്നു അയാൾക്ക് അപ്പോൾ തോന്നി. മരിച്ചാൽ കരയാനും അന്ത്യ കർമ്മങ്ങൾ ചെയ്യാനും ആരെങ്കിലും വേണ്ടേ..?
                            ണിം....   ണിം ....    ണിം ....   ണിം
                    ക്ലോക്കിലെ ശബ്ദം കേട്ട അയാൾ ഞെട്ടി കണ്ണുതുറന്നു. സമയം കൃത്യം 12.00. ഇതാ പോകാൻ സമയമായിരിക്കുന്നു. കാലൻ ഇപ്പോൾ വരും, തന്നെ കൊണ്ടുപോകും. അയാൾ തയ്യാറായി നിന്നു. ഇനിയൊരു ജീവിതം ഭൂമിയിലില്ല! അയാൾ പൊട്ടിക്കരയാൻ തുടങ്ങി.

                                            12.01..... ,12.02.....,12.03......,12.04.....,12.05
കാലൻ വന്നില്ല! നായർ ക്ലോക്കിലേക്കും വാച്ചിലേക്കും മാറിമാറി നോക്കി. 12.05 .കണ്ണ് തുടച്ച് മൊബൈൽഫോണ്‍ എടുത്തുനോക്കി. 12.06 .കാലൻ എന്തേ വരാത്തത്!!
                                        12.10.....12.15.....12.20.....12.25.....12.30
                   അയാൾ ബെഡ്ഡിൽ ഇരുന്നു. ഇനി അന്നത്തെപ്പോലെ വല്ല അപകടവും!? അങ്ങിനെയാണെങ്കിൽ നടന്നിട്ടെങ്കിലും കാലൻ വരും. അയാൾക്ക് ആധി വിട്ടുമാറിയില്ല. എഴുന്നേറ്റ് പോയി മേശപ്പുറത്തുനിന്നും വെള്ളമെടുത്ത്കുടിച്ചു, വീണ്ടും ബെഡ്ഡിൽ വന്നിരുന്നു.
                       12.45 ആയി, 1.00 മണിയുമായി. കാലനെ കണ്ടില്ല!
       അയാൾ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്യാതെ ബെഡ്ഡിൽ കിടന്നു. ക്ലോക്കിലേക്ക്തന്നെ നോക്കിക്കൊണ്ടിരുന്നു.
                                      1.30 ആയി. 2.00 ആയി. കാലൻ ഇപ്പോഴും എത്തിയിട്ടില്ല! അയാളുടെ മനസ്സിൽ ചെറിയ ഒരു ആശ്വാസം തോന്നി. ഇനി അപകടത്തിൽ കാലെനെങ്ങാനും .....? അങ്ങിനെയാണെങ്കിൽ രക്ഷപ്പെട്ടു. ക്ലോക്കിലേക്ക് നോക്കിനോക്കി കിടന്ന് എപ്പോഴോ അയാൾ ഉറങ്ങിപ്പോയി.

                                       രാവിലെ പതിവുപോലെ 7 മണിക്കുള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. ഉണർന്നപാടെ അയാൾ ക്ലോക്കിലേക്ക് നോക്കി. പിന്നെ എഴുന്നേറ്റ് ജനല തുറന്ന് പുറത്തേക്കുനോക്കി. അതെ,താൻ ഇപ്പോഴും വീട്ടിൽതന്നെയാണ്. കാലൻ എന്തേ വന്നില്ല, ഇനി മറന്നുപോയതായിരിക്കുമോ? മറന്നാൽ എത്രനന്നായിരുന്നു. ഇനിചിലപ്പോൾ ദിവസം മാറിയതായിരിക്കുമോ? ഇന്നുവന്നേക്കും.
                                 അന്ന് അയാൾ വീട്ടിൽനിന്നും പുറത്ത്പോയില്ല. അങ്ങിനെ ആ ദിവസവും കടന്നുപോയി. അന്നുരാത്രിയും കാലൻ വന്നില്ല!
     രാവിലെ എഴുന്നേറ്റ അയാൾ വസ്ത്രംമാറി പുറത്തിറങ്ങി. വഴിയിൽകണ്ടവരോടൊക്കെ അപകടത്തെ കുറിച്ച് അന്വേഷിച്ചു. ഇല്ല, അടുത്തെങ്ങും ഒരു അപകടവും നടന്നതായി ആർക്കും അറിവില്ല. എന്തൊക്കെയോ ആലോചിച്ച് നടക്കുമ്പോഴാണ് അയാൾക്ക്‌ കാലൻ കൊടുത്ത വിസിറ്റിംഗ് കാർഡിന്റെ കാര്യം ഓർമ്മ വന്നത്. അയാൾ വീട്ടിലേക്കോടി.
         വീട്ടിലെത്തി. റൂമിൽ കയറി, മേശ തുറന്നു. കാർഡ്‌ അവിടെത്തന്നെയുണ്ട്. അയാൾ അതെടുത്തുനോക്കി.. ഒന്ന് കാലന്റെ നമ്പറും ഒന്ന് യമലോകത്തെ ഓഫീസ് നമ്പരും. മറന്നുപോയ കാലനെ വിളിച്ച് ഓർമ്മിപ്പിക്കേണ്ട എന്നുകരുതി അയാൾ കാലനെ വിളിച്ചില്ല. ഓഫീസ് നമ്പരിൽ വിളിച്ചു.ഫോണ്‍ എടുത്തത് ഒരു സ്ത്രീയാണ്. ശബ്ദം കേട്ടാൽത്തന്നെ അറിയാം 30 വയസ്സിനുതഴെ പ്രായമുള്ള പെണ്‍കുട്ടിയാണ്. അയാൾ കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ്‌ അയാൾക്ക് സംഭവത്തിൻറെ യഥാർത്ത രൂപം മനസ്സിലായത്.
                         കാലൻ കൈക്കൂലി വാങ്ങിയവിവരം യമലോകത്ത്‌ അറിഞ്ഞിരിക്കുന്നു. കാലനെ പിരിച്ചുവിട്ടു. ആ പോസ്റ്റിലേക്ക് ഇപ്പോൾ ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമനം നടക്കുന്നതുവരെ മരണങ്ങൾ നീട്ടിവെച്ചിരിക്കുന്നു. നിയമനം നടന്നാൽ ഉടൻതന്നെ മരണസമയം ആയവരെ മുന്ഗണനാ അടിസ്ഥാനത്തിൽ മരിപ്പിക്കുന്നതാണ്!!









12 comments:

  1. Aliyaa kalakki.. (y) kadhaku avashyam aya reethiyl ulla detailing valare ishtamayi.. Sherikum enjoy chythu :D waiting for more....

    ReplyDelete
  2. nammale ormayundo..machane....ellam njan vaayichutta..okke onninonnu mecham..."kaalakkedu" suupper....iniyum kooduthal pratheekshikkunnu..wait cheyyunnu....

    ReplyDelete
    Replies
    1. Ninneyokke marakkumodaa......vaayikkaanum abhipraayam parayaanum aalundenkil ezhuthaanulla oru oorjam kittum.aduthath udan und

      Delete
  3. Neeyoru kalan thanne...😉😉😉

    ReplyDelete