Monday 26 October 2015

ഉപ്പിനേക്കാൾ വലുത്

ഉപ്പിനേക്കാൾ വലുത് 

                                        ഒരിക്കൽ ഞാനും അനിയത്തിയും ഒരു യാത്ര കഴിഞ്ഞ് വരികയായിരുന്നു. ബസ്സ്സ്റ്റാന്റിൽ ഒരു കടയുടെ മുൻപിൽ നിൽക്കുമ്പോഴാണ് അവൾ കടയിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞത്,
 "എനിക്കത് വേണം".
ഞാൻ തിരിഞ്ഞുനോക്കി ചോദിച്ചു,
"എന്ത്?" 
അവൾ എൻറെ കൈ പിടിച്ചുവലിച്ച് കടയിലേക്ക് കയറി, ഒരുഭാഗത്ത് തൂക്കിയിട്ടിരുന്ന കോഴികുഞ്ഞുങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ തൊട്ടു കാണിച്ച് പറഞ്ഞു, "ഇത്". 
                       കൊള്ളാമല്ലോ! ഞാൻ അതിൽ ഒന്ന് എടുത്ത് നോക്കി.അപ്പോൾ കടക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നുപറഞ്ഞു, "നല്ലതാ...ഒരെണ്ണം കുട്ടിക്ക് വാങ്ങി കൊടുത്തേക്ക്,ചാവി തിരിച്ചാൽ ശബ്ദം ഉണ്ടാക്കും" എന്നും പറഞ്ഞ് അയാൾ ഒന്നെടുത്ത് ചാവി തിരിച്ചു.
                                  കിയോം കിയോം ....,കിയോം കിയോം..
                                  ആഹാ....ഇത് കൊള്ളാമല്ലോ .. ഞാനും വിചാരിച്ചു! 
                        അനിയത്തിക്ക് നല്ല ബോധിച്ച മട്ടാണ്. എന്തായാലും   ഞാൻ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു! "എത്രയാ വില?" ഞാൻ ചോദിച്ചു.
                "30 രൂപ" അയാൾ പറഞ്ഞു.
                "25 പോരേ?" ഞാൻ ചോദിച്ചുനോക്കി.
               "പോര,. ഇതിന്മെലൊന്നും വല്ല്യ ലാഭല്ല്യാ..അതോണ്ടാ.." അയാൾ മറുപടി പറഞ്ഞു.
                     അങ്ങിനെയെങ്കിൽ അങ്ങിനെ,ഞാൻ അധികം ചോദിക്കാനൊന്നും പോയില്ല. ഏതായാലും ഞാനൊരെണ്ണം വാങ്ങി അനിയത്തിക്ക് കൊടുത്തു. അവൾക്ക് വളരെ സന്തോഷമായി.
     തിരിച്ചുവരുമ്പോൾ ബസ്സിലിരുന്ന് അവൾ അതുമായി കളിച്ചുകൊണ്ടിരുന്നു.

                                      വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി ഞങ്ങൾ വീട്ടിലേക്ക് നടന്നു. കളിപ്പാട്ടവുമായി കളിക്കാൻ വേണ്ടിയാകണം അവൾ എന്നേക്കാൾ വേഗത്തിൽ നടന്നു!
                                         വീട്ടിലേക്ക് കയറുമ്പോൾ വീട്ടിനകത്തുനിന്നും ചില ചെറിയ ശബ്ദങ്ങൾ ഞങ്ങൾ കേട്ടു.
                            കിയോം..കിയോം ,.കിയോം..,കിയോം..കിയോം..
ഞങ്ങൾ വീടിനകത്ത് കടന്നു. അവിടെ കുറച്ച് കോഴിക്കുട്ടികൾ ഓടിനടക്കുന്നത് കണ്ടു. എൻറെ ഉമ്മയും സഹോദരങ്ങളും അവിടെയുണ്ട്.
ഞാൻ ചോദിച്ചു "എവിടുന്ന് കിട്ടി കോഴിക്കുഞ്ഞുങ്ങളെ ? "
ഉമ്മ പറഞ്ഞു, "ഇവിടെഒരു സൈക്കിൾക്കാരൻ വന്നിരുന്നു കുറേ കോഴികുഞ്ഞുങ്ങളുമായി ,ഞങ്ങൾ 5 എണ്ണം വാങ്ങി. ഒന്നിന് 10 രൂപയായി!"
ഞാൻ ഒന്ന് ഞെട്ടി!!
ജീവനുള്ള കോഴിക്കുഞ്ഞിന് 10 രൂപ, കുറച്ചുമുൻപ്‌ ഞാൻ വാങ്ങിയ പ്ലാസ്റ്റിക്കിന്റെ കോഴിക്കുഞ്ഞിന് 30 രൂപയും..!!
                ദൈവമേ... ഉപ്പിനേക്കാൾ വലുതോ ഉപ്പിലിട്ടത് !!!?


"ആളുകൾ ഭംഗിയുള്ള അസത്യങ്ങൾക്ക് സത്യത്തേക്കാൾ വിലകൽപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്!!"

Saturday 24 October 2015

കറുത്ത പൂച്ച

കറുത്ത പൂച്ച 


                                                            ഇന്ന് അയാൾക്ക് ഇന്റർവ്യൂ ആണ്. രാവിലെ 8.30 നു തന്നെ അവിടെ റിപ്പോർട്ട്‌ ചെയ്യണം. അതുകൊണ്ടുതന്നെയാണ് അയാൾ നേരത്തേ എഴുന്നേറ്റത്‌. പല്ലുതേപ്പും,കുളിയും,ഭക്ഷണവും എല്ലാം കഴിഞ്ഞ് ബാഗും എടുത്ത് പുറത്തിറങ്ങിയതും ഒരു കറുത്ത പൂച്ച അയാളുടെ മുൻപിലേക്ക്  ചാടിയതും ഒരുമിച്ചായിരുന്നു.
                                          "ങ്യാവൂ........"
"നശിച്ച പൂച്ച, പണ്ടാരം പേടിപ്പിച്ചുകളഞ്ഞു" .അയാൾ കയ്യിൽകിട്ടിയ കല്ലെടുത്ത് ഒരു ഏറുകൊടുത്തു.
                                  "ങ്യാാാവൂൂൂൂ.........."
ഏറുകൊണ്ട പൂച്ച എങ്ങോട്ടോ ഓടിമറഞ്ഞു.
"പണ്ടാരം,കറുത്ത പൂച്ചയാണ്, ദുശ്ശകുനം"! പിറുപിറുത്തു കൊണ്ട് അയാൾ റോഡിലേക്കിറങ്ങി.



                                                             ഇന്റെർവ്യൂവിൽ പരാജയപ്പെട്ട് വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ അയാൾ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു. ആ പൂച്ചയെ കൊല്ലണം! കറുത്ത പൂച്ച ദുശ്ശകുനമാണ്. രാവിലെ അതിനെ കണി കണ്ടതുകൊണ്ടാണ് താൻ ഇന്റെർവ്യൂവിൽ പരാജയപ്പെട്ടത് എന്ന ചിന്ത അയാളുടെ ദേഷ്യം കൂട്ടി. വഴിവക്കിൽ കണ്ട ഒരു മരത്തടി അയാൾ കയ്യിൽ കരുതുകയും ചെയ്തു.

                                                                          നടന്ന് നടന്ന് വീടെത്താറായി. അപ്പോഴാണ് ഗേറ്റിന്റെ മുൻപിൽ റോഡിലായി കറുത്ത എന്തോ ഒന്ന് കിടക്കുന്നത് അയാളുടെ കണ്ണിൽപെട്ടത്. അടുത്തേക്ക് ചെല്ലുംതോറും അത് ഒരു പൂച്ചയെപ്പോലെ അയാൾക്ക്‌ തോന്നി. അങ്ങിനെതന്നെ ആവണമേ എന്ന് അയാൾ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അടുത്തെത്തിയപ്പോൾ അയാൾ ശരിക്കും സന്തോഷിച്ചു. അതെ രാവിലെ കണ്ട അതേ പൂച്ച! ഏതോ വണ്ടിതട്ടി ചത്തതാണ്. "ഹാവൂ...". മരത്തടി ഗേറ്റിന്റെ ഒരു മൂലയിലേക്ക് എറിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ ഇനി ഒരിക്കലും ആ നശിച്ച പൂച്ചയെ കണി കാണേണ്ടി വരില്ലല്ലോ   എന്നോർത്ത്‌ അയാൾ സന്തോഷിച്ചു. പക്ഷെ, ആ പൂച്ച ഇന്ന് ഏത് 'കറുത്ത പൂച്ച'യെ കണി കണ്ടതുകൊണ്ടാണ് അതിൻറ്റെ  ജീവൻപോലും അതിനു നഷ്ട്ടമായത് എന്ന കാര്യം  അയാൾ ഓർത്തില്ല.!!                                                                                                                                        


Monday 19 October 2015

GAME OVER

GAME OVER 

                                              അയാൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി അടുത്തുകണ്ട ഒരു കാറിൽ കയറി. കാർ അതിവേഗം മുന്നോട്ടുപാഞ്ഞു. ആകാശംമുട്ടെ ഉയരമുള്ള കെട്ടിടങ്ങൾ റോഡിൻറെ ഇരുവശങ്ങളിലും ഉയർന്നു നില്ക്കുന്നു. കാർ അതിനെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഓടിക്കൊണ്ടിരുന്നു. അവസാനം കാർ എത്തിപ്പെട്ടത് ഒരു തുറമുഖത്താണ്. അയാൾ കാർ ഒരു സ്ഥലത്ത്നിർത്തി കുറച്ചകലെ കാണുന്ന ഒരു കെട്ടിടത്തിലേക്ക് നടന്നു. അത് ഒരു ഹോട്ടൽ ആയിരുന്നു. അയാൾ അതിനകത്തേക്ക് കയറി. അധികപേരൊന്നും അവിടെ ഉണ്ടായിരുന്നില്ല. അയാൾ ചുറ്റിലും ഒന്ന് നോക്കി. ഒരു മൂലയിൽ വെളുത്ത ക്കോട്ടുധരിച്ച ഒരാൾ എന്തോ കുടിച്ചുകൊണ്ടിരിക്കുന്നു. അരയിൽനിന്നും ഒരു തോക്കെടുത്ത് അയാൾ കൊട്ടുധാരിയെ വെടിവെക്കാൻ തുടങ്ങി !

                                                ടിഷ്യൂം ടിഷ്യൂം ടിഷ്യൂം.................
  സൈറണ്‍ മുഴങ്ങുന്ന ശബ്ദം !

                                              പോം....... പോം.......... പോം........ പോം..........
  അയാൾ പുറത്തേക്കോടി.അപ്പോൾ പുറത്ത് പോലീസ് വാഹനങ്ങളുടെ  ശബ്ദം.

                                              ക്യൂം ..ക്യൂം.. ക്യൂം.. ക്യൂം..
  അയാൾ കാർ നിർത്തിയിരുന്ന ഭാഗത്തേക്ക് ഓടി. പോലീസ് വാഹനങ്ങൾ  അയാളെ വളഞ്ഞു. അയാൾ വീണ്ടും തോക്കെടുത്ത് പോലീസുകാരെ വെടിവെക്കാൻ നോക്കി. പക്ഷെ, അതിനുമുൻപേ പോലീസുകാർ അയാളെ വെടിവെച്ചിട്ടു.

                                                 ടിഷ്യൂം ടിഷ്യൂം .....ടിഷ്യൂം ടിഷ്യൂം ...!
   
                                                                 GAME OVER

                      കമ്പ്യൂട്ടർ ഓഫ്ചെയ്ത് അനിയൻ എഴുന്നേറ്റ് പോയി.