Thursday 5 November 2015

ഉത്തരത്തിലുള്ളത് എടുക്കാൻ

ഉത്തരത്തിലുള്ളത് എടുക്കാൻ 

              
                  ഓഫീസിൽ പുതുതായി വന്ന ലേഡിസ്റ്റാഫ് വളരെ സുന്ദരിയാണ്,സ്ലിം ബ്യൂട്ടി.അവളെ വിശദമായി ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചതാണ്. അതിനുമുൻപ്‌ ഫ്രഷ്‌ ആവാൻ വേണ്ടി വാഷ്‌റൂമിൽ പോയ അയാൾ കണ്ണാടിയിൽ തൻറെ പ്രതിബിംബത്തിന്റെ ഭംഗി ഒന്നളന്നു. അപ്പോഴാണ്‌ തൻറെ കുടവയർ ഒരു അധികപ്പറ്റാണെന്നു അയാൾക്ക് തോന്നിയത്! അയാൾ വയറ് അകത്തെക്കുവലിച്ചു ശ്വാസം ക്രമീകരിച്ച് നിന്നുനോക്കി. പറ്റുന്നില്ല,അധികസമയം അങ്ങനെ നിൽക്കാൻ പറ്റുന്നില്ല! വേണ്ട.., പരിചയപ്പെടൽ പിന്നെയാക്കാം. ആദ്യം വ്യായാമം ചെയ്ത് ഈ വയറൊന്നു കുറക്കണം.
                                     വാഷ് റൂമിൽനിന്നും പുറത്തിറങ്ങിയ അയാൾ നേരെചെന്നുചാടിയത് പുതിയ സ്റ്റാഫിൻറെ മുൻപിൽ! അയാൾ നിന്ന് പരുങ്ങി. പെണ്‍കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി.അയാൾ വയർ ഉള്ളിലേക്ക് വലിച്ചു. അവൾ അത് കണ്ടു! അയാൾ പെട്ടെന്ന് നടന്നകന്നു. പെണ്‍കുട്ടി പിറകിൽനിന്നും വിളിച്ചു "സാർ.." അയാൾ തിരിഞ്ഞുനോക്കാതെ നടന്നു.
                                         ഓഫീസിൽനിന്നും ഇറങ്ങുന്നതിനുമുന്പുതന്നെ അയാൾ ഒന്ന് പ്ലാൻ ചെയ്തിരുന്നു, വീടിന്റെ ഒരുകിലോമീറ്റർ അപ്പുറത്തായി ഒരു മൈതാനം ഉണ്ട്. പലരും അവിടെ ഓടാൻ പോകാറുണ്ട്. രാവിലെ ഒരുമണിക്കൂർ നേരത്തേ എഴുന്നേറ്റ് അവിടെ ഓടാൻ പോകണം. രണ്ടു കിലോമീറ്റെറെങ്കിലും ഓരോദിവസവും ഓടണം. ഒരാഴ്ച്ചകൊണ്ട്‌ വയർ അത്യാവശ്യം കുറക്കണം. 

                                              അയാൾ വീട്ടിലെത്തിയപാടെ ഭാര്യയോട് കാര്യം പറഞ്ഞു, "ഞാൻ നാളെമുതൽ രാവിലെ ഓടാൻ പോകും, വയറൊന്നു കുറക്കണം. ഒരുമണിക്കൂർ നേരത്തെ എന്നെ വിളിക്കണം."
 "എന്താ ഇപ്പോ ഇങ്ങിനെയൊക്കെ തോന്നാൻ..?" ഭാര്യ ചോദിച്ചുനോക്കി.
"എടീ ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ.." അയാൾ തടിതപ്പി.

                                      പറഞ്ഞപോലെ രാവിലെ അലാറം അടിച്ചു. അയാൾ അത് ഓഫ്‌ ചെയ്തുവെച്ച് വീണ്ടും കിടന്നു. ഭാര്യ വന്ന് അയാളെ തട്ടിവിളിച്ചു, "എഴുന്നേൽക്കൂ.., ഓടാൻ പോകണ്ടേ..?" 
  അയാൾക്ക് അത് പിടിച്ചില്ല! "പോടീ അവിടുന്ന്" അയാൾ പറഞ്ഞു.
      തിരിഞ്ഞു കിടക്കുമ്പോൾ തലേന്ന് പെണ്‍കുട്ടിയുടെ മുന്പിൽനിന്നു പരുങ്ങിയത് അയാൾക്ക് ഓർമ്മവന്നു. പൂർണ്ണമനസ്സോടെയല്ലെങ്കിലും അയാൾ എഴുന്നേറ്റു.
                                മുഖം കഴുകി പുറത്തുവന്ന അയാൾ ഭാര്യയോട് ചോദിച്ചു, "എടീ.., എൻറെ കാർ എവിടെ?"
                        ഭാര്യ പറഞ്ഞു, "നിങ്ങളുടെ മോൻ കൊണ്ടുപോയി, അവനെവിടെയോ ക്രിക്കറ്റ്മാച്ച് ഉണ്ടെന്ന്."
                                             " അതിനവന് ലൈസൻസ് ഇല്ലല്ലോ..!!,പതിനഞ്ചുവയസ്സല്ലേ അവനുള്ളൂ?" അയാൾ ചോദിച്ചു.
                       " ഇരുപത് വയസ്സുള്ള കൂട്ടുകാർ അവനുണ്ടല്ലോ.." ഭാര്യ മറുപടി പറഞ്ഞു.
                         "അപ്പോ ഞാനെങ്ങനെ ഓഫീസ്സിൽ പോകും?" അയാൾ ദേഷ്യപ്പെട്ടു.
       " എട്ടുമണി ആകുമ്പോഴേക്ക് അവർ വരും. അവർക്ക് ക്ലാസ്സും ഉണ്ട്. നിങ്ങൾ എട്ടര കഴിഞ്ഞല്ലേ പോകൂ..?" ഭാര്യ തിരിച്ച് ചോദിച്ചു.
                             ' ശ്ശോ!!, ഇനിയിപ്പോ എങ്ങനെ ഓടാൻ പോകും, ഒരു കിലോമീറ്ററുണ്ട് മൈതാനത്തേക്ക്! അത്ര ദൂരം 'നടക്കാൻ' വയ്യ!! ഓട്ടം നാളെയാക്കാം..'അയാൾ മനസ്സിൽ കരുതി!

               "ഇതാണ് ലോകം. നടക്കാൻ മടിയുള്ളവൻ എങ്ങിനെ ഓടും..?!! "
"ഉത്തരത്തിലുള്ളത് എടുക്കണമെങ്കിൽ ചിലപ്പോൾ കക്ഷത്തിലിരിക്കുന്നത് കളയേണ്ടിവരും."
 

No comments:

Post a Comment