Tuesday 3 November 2015

മൂക്കുകയർ

മൂക്കുകയർ

                                  കഷ്ട്ടപ്പെട്ടു പണിയെടുത്ത കാശുകൊണ്ടാണ് അയാൾ രണ്ട് പശുക്കളെ വാങ്ങിയത്. പശുക്കളെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുമ്പോൾ അയാളുടെ അഞ്ചുവയസ്സായ മകളും കൂടെ ഉണ്ടായിരുന്നു.
            "എന്തിനാണ് അച്ഛാ പശുവിനെ കയറിൽ കെട്ടിയിടുന്നത്?" അവൾ ചോദിച്ചു.
                "കെട്ടിയിട്ടില്ലെങ്കിൽ അത് ഓടിപ്പോകും മോളേ.."
                 "അതിനെന്തിനാ ഇത്ര നീളമുള്ള കയർ ചെറുത് പോരെ?" അവൾ വീണ്ടും ചോദിച്ചു.
                          "മോളെ, ചെറിയ കയറിൽ കെട്ടിയിട്ടാൽ അതിനു ആവശ്യത്തിനു മേഞ്ഞുനടന്ന് പുല്ലുതിന്നാനോന്നും പറ്റില്ലല്ലോ.."
                           അതെ, ശരിയാണ്. അവൾക്ക് കാര്യം മനസ്സിലായി.
                "പിന്നെന്തിനാ അതിൻറെ മൂക്കിലൂടെ കയർ ഇട്ടിരിക്കുന്നത്, അതിനു വേദനയാവില്ലേ?" അവൾക്ക് വീണ്ടും സംശയമായി.
                    "മോളെ..കുറച്ചൊക്കെ വേദനയുണ്ടാകും. പക്ഷേ, അങ്ങിനെ ഇട്ടില്ലെങ്കിൽ നമുക്ക് അതിനെ നിയന്ത്രിച്ചുനിർത്താൻ ചിലപ്പോൾ പറ്റില്ല. നമ്മളേക്കാൾ ശക്തിയില്ലേ അതിന്." അയാൾ അതിനെപ്പറ്റി വിശദമായി അവൾക്ക് പറഞ്ഞുകൊടുത്തു.

                                              വർഷങ്ങൾ പലത്കഴിഞ്ഞു. പെണ്‍കുട്ടിക്ക് ഇപ്പോൾ 15 വയസ്സായി. അയാൾക്ക് 10 പശുക്കൾ ഉണ്ട് ഇപ്പോൾ. പഴയപോലെ അവൾ അച്ഛന്റെകൂടെ പശുക്കളെ നോക്കാനൊന്നും പോകാറില്ല.

                                                 ഒരിക്കൽ ഒരു പശുവിനെവാങ്ങാൻ രണ്ടാളുകൾ വീട്ടിൽ വന്നു. ലക്ഷണമൊത്ത ഒരു പശുവിനെ അവർ തിരഞ്ഞെടുത്തു, വിലയും പറഞ്ഞുറപ്പിച്ചു. അവർക്ക് ചായയുമായി വന്നത് അയാളുടെ മകളായിരുന്നു.
                           വന്നവരിൽ ഒരാൾ അയാളോട് ചോദിച്ചു "മകളാണ് അല്ലെ?"
                       അയാൾ പറഞ്ഞു. "അതെ".
                      രണ്ടാമൻ ചോദിച്ചു. "ഏത് ക്ലാസ്സിലാ പഠിക്കുന്നത്?"
                      "എട്ടാം ക്ലാസ്സിൽ" അയാൾ മറുപടി പറഞ്ഞു.
                       "ഞാൻ ഒൻപതാം ക്ലാസ്സിലാണ് അച്ഛാ... "മകൾ ഇടക്ക്കയറി പറഞ്ഞു.
               "വർഷങ്ങൾ എത്ര പെട്ടെന്നാ കടന്നുപോകുന്നത്. അല്ലേ?" അയാൾ അതിഥികളോടായി ചോദിച്ചു.
                            "അതെയതെ" അവരും സമ്മതിച്ചു.
       യഥാർത്ഥത്തിൽ അയാൾക്ക് മകളുടെ ക്ലസിനെക്കുറിച്ചോ , പഠനകാര്യങ്ങളെക്കുറിച്ചോ വലിയ അറിവുണ്ടായിരുന്നില്ല!
                അതിഥികൾ പെണ്‍കുട്ടിയോടായി പറഞ്ഞു "നന്നായി പഠിക്കണം."
"ഉം " പെണ്‍കുട്ടി തലകുലുക്കി.
    കുശലാന്വേഷണങ്ങൾ പലതും നടത്തി, ചായയും കുടിച്ച്, വാങ്ങിയ പശുവിനെയുംകൊണ്ട് അവർ പോകാൻ തുടങ്ങി.
                     വീടുവിട്ട് പോകാൻ തയ്യാറല്ലാത്ത പശുവിനെ അവർ മൂക്ക്കയർ പിടിച്ച് വലിച്ച് വേദനയാക്കി കൊണ്ടുപോയി. അത് കണ്ടുനിന്ന പെണ്‍കുട്ടിക്ക് തൻറെ മൂക്കിലൂടെ ആരോ കയറിട്ടുവലിക്കുന്നപോലെ വേദനതോന്നി.

                                  ദിവസങ്ങൾ കഴിഞ്ഞു,
ഒരു തിങ്കളാഴ്ച്ച വൈകുന്നേരം, സ്ക്കൂൾ വിട്ട് പെണ്‍കുട്ടി മടങ്ങിവന്നില്ല! ആറുമണി കഴിഞ്ഞു. എന്നിട്ടും പെണ്‍കുട്ടി എത്തിയില്ല. അടുത്തുള്ള അറിയുന്ന കുട്ടികളോട് ചോദിച്ചു. സ്ക്കൂളിലെ കൂട്ടുകാരുടെ വീട്ടിലേക്കും വിളിച്ചുനോക്കി. ഇല്ല, അവിടൊന്നും ചെന്നിട്ടില്ല! നാലുമണിക്ക് സ്ക്കൂൾ വിട്ട് അവൾ പുറത്തിറങ്ങുന്നത് പലരും കണ്ടിട്ടുണ്ട്. അയാൾ മകളെതിരക്കി പലയിടത്തും അലഞ്ഞു. രാത്രിയായി.ഒരു തുമ്പും കിട്ടിയില്ല. അവസാനം ആരോ പറഞ്ഞ് അറിഞ്ഞു, പ്ലസ്‌ ടു -വിൽ പഠിക്കുന്ന ഒരു പയ്യനുമായി അവൾക്ക് എന്തോ ബന്ധം ഉണ്ടായിരുന്നെന്ന്!
                                       അങ്ങിനെ അയാൾ ആ വഴിയിൽ അന്വേഷിച്ചു. അതെ, അവനും ഇന്ന് വീട്ടിൽ എത്തിയിട്ടില്ല. അവർ ഒളിച്ചോടിയിരിക്കുന്നു.!!
അയാൾ ആകെ തളർന്നുപോയി.

                                          ഇതൊന്നും വലിയ വാർത്തയല്ലതായി മാറിയതുകൊണ്ടാവാം TV യിലൊന്നും അത് വാർത്തയായി വന്നില്ല. എന്നാൽ പിറ്റേന്നുള്ള പത്രത്തിൽ അതൊരു വാർത്തയായിത്തന്നെ വന്നു. 'ഒൻപതാം ക്ലാസ്സുകാരി പ്ലസ്‌ ടു ക്കാരന്റെകൂടെ ഒളിച്ചോടി'. പക്ഷേ, അപ്പോഴും പശുക്കൾ അയാളുടെ തോഴുത്തിൽത്തന്നെ ഉണ്ടായിരുന്നു!!





3 comments: