Wednesday 11 November 2015

സ്പെഷ്യൽ ഡേ

സ്പെഷ്യൽ ഡേ 

                               അത് ഒരു മാർച്ച്‌ മാസം ആയിരുന്നു. അത്യാവശ്യം ചില സാധനങ്ങൾ വാങ്ങാൻവേണ്ടി അയാൾ സിറ്റിയിൽ പോയതാണ്. ബസ്സ്‌ സ്റ്റാന്റ്റിലേക്ക് കയറുമ്പോൾ തന്നെ അയാൾ അത് കണ്ടു. അടുത്തുള്ള ചെറിയ മൈതാനത്ത് ഒരു പരിപാടി നടക്കുന്നു. അയാൾ ബസ്സിറങ്ങി അങ്ങോട്ട്‌ പോയിനോക്കി. വനിതാദിനത്തോട് അനുബന്ധിച്ച് ഒരു മഹിളാസംഘടന നടത്തുന്ന പരിപാടിയായിരുന്നു അത്. വൈകുന്നേരമായതിനാൽ ധാരാളം ആളുകൾ പ്രദേശത്തുണ്ട്. അവരിൽ അധികവും സ്ത്രീകളാണ്. സ്റ്റേജിൽ കുറച്ച്സ്ത്രീകൾ ഇരിക്കുന്നു. രണ്ടു പുരുഷന്മാരും ഉണ്ട്. 
          "അടുത്തതായി നമ്മോടു സംസാരിക്കുവാൻ വേണ്ടി വനിതാകമ്മീഷൻ അംഗം, നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട, ശ്രീമതി ഇന്ദിരാ അവർകളെ ക്ഷണിച്ചുകൊൾകയാണ്". ഒരു സ്ത്രീ മൈക്കിൽ വിളിച്ചുപറഞ്ഞു.
ഇന്ദിരാ മേഡം മൈക്കിനടുത്തേക്ക് വന്നു.
               ആ മുഖം അയാൾക്ക് മുൻപ് കണ്ട പരിചയം ഉണ്ടായിരുന്നു. ഇന്ദിര...,ഇന്ദിര.. അയാൾ മനസ്സിൽ ചികഞ്ഞുകൊണ്ടിരുന്നു. ആ.. പിടികിട്ടി. സ്ക്കൂളിൽ തന്നോടൊപ്പം പഠിച്ച കുട്ടിയായിരുന്നു. ഒരേ ക്ലാസ്സിൽ അല്ലായിരുന്നെങ്കിലും കണ്ടാൽ അന്യോന്യം പുഞ്ചിരിക്കുന്ന തരത്തിലുള്ള ഒരു സൌഹൃദം അവർക്കിടയിൽ പണ്ട് ഉണ്ടായിരുന്നു.
   ഇവൾ ഇത്ര വലിയ സംഭവമൊക്കെയായോ!

                                           സ്ക്കൂൾമേറ്റിന്റെ പ്രസംഗം കേട്ടുകൊണ്ട് അയാൾ അങ്ങനെ നിന്നു. അവൾ നന്നായി സംസാരിക്കുന്നുണ്ടല്ലോ..., അയാൾക്ക് അവളിൽ മതിപ്പുതോന്നി. 'സ്ത്രീ..,അവൾ അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, മകളാണ്. അവൾ അടിച്ചമർത്തപ്പെടേണ്ടവളല്ല. പുരുഷനോടോപ്പംത്തന്നെ സകല മേഖലകളിലും അവൾക്ക് സമത്ത്വം ആവശ്യമാണ്‌..', എന്നിങ്ങനെയുള്ള അവരുടെ പ്രസംഗം അയാളിൽ വല്ലാത്ത മാനസാന്തരം ഉണ്ടാക്കി. അയാൾ തന്റെ ഭാര്യയെക്കുറിച്ച് ഓർത്തു. പാവം..,അവളെ താൻ എന്തെല്ലാം പറയാറുണ്ട്, അവൾ എല്ലാം സഹിക്കാറില്ലേ..., തന്റെ വീട്ടിലെ പണിയെല്ലാം എടുക്കുന്നില്ലേ..,തന്റെ കുട്ടികളെ നോക്കുന്നില്ലേ.., എന്നിട്ടും താനെന്തിന് അവളെ പലപ്പോഴും സങ്കടപ്പെടുത്തി..? എന്നാലും, പ്രസംഗത്തിൽ പറയുന്നപ്പോലെ ഭാര്യമാരെ മർദ്ധിക്കുന്ന കൂട്ടത്തിൽ താൻ പെട്ടിട്ടില്ല, ഇന്നുവരെ അവളെ താൻ തല്ലുകയോ ചവിട്ടുകയോ ഒന്നും ചെയ്തിട്ടില്ല.! അങ്ങിനെ പ്രസംഗത്തിന്റെ തീവ്രതയിൽ അയാളങ്ങനെ ലയിച്ചുനിന്നു.

                                   പഴയ കൂട്ടുകാരിയുടെ പ്രസംഗം മുഴുവനായും അയാൾ കേട്ടു. അപ്പോഴേക്കും സമയം ഏഴുമണി ആയിരുന്നു. സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നതിനാൽ അയാൾ വേഗം മാർക്കറ്റിലേക്ക് പോയി.

                                          സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞപ്പോഴേക്കും സമയം 8:30. അയാൾ ബസ്സ്റ്റാന്റിലേക്ക് നടന്നു. മൈതാനത്തിലെ പരിപാടിയെല്ലാം അപ്പോഴേക്കും അവസാനിച്ചിരുന്നു. ഇപ്പോൾ ഒഴിഞ്ഞ ഒരു സ്റ്റേജ് മാത്രമേ അവിടെ കാണാനുള്ളു.
                                         സ്റ്റാന്റിൽ ആ സമയത്ത് കുറച്ച് ബസ്സുകളേ ഉണ്ടായിരുന്നുള്ളു. അതിൽ അയാൾക്ക്‌ പോകാനുള്ള ബസ്സ്‌ ഇല്ലായിരുന്നു.
 കുറച്ചുനേരം കാത്തുനിന്നെങ്കിലും ബസ്സ്‌ വന്നില്ല. അയാൾ മറ്റൊരു ബസ്സിലെ ഡ്രൈവറോട് കാര്യമന്വേഷിച്ചു.
                                                അയാളുടെ ഗ്രാമത്തിലേക്കുള്ള ബസ്സ്‌ ഇനി ഒൻപതുമണിക്കേ ഉള്ളൂ എന്ന് ഡ്രൈവർ പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് പരിപാടികൾ നടന്നതിനാൽ പലയിടത്തും റോഡ്‌ ബ്ലോക്കായിരുന്നെന്നും, അതുകൊണ്ടുതന്നെ ബസ്സ്‌ ഇനി എത്രത്തോളം വൈകുമെന്ന് പറയാൻ പറ്റില്ലെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.

                          അയാൾ കാത്തുനിന്നു. ബസ്സ്റ്റാന്റും പരിസരപ്രദേശങ്ങളും വിജനമായി തുടങ്ങി. സമീപത്തുള്ള ഓരോകടകളുടെയും ഷട്ടറുകൾ താഴുന്ന ശബ്ദം അയാൾക്ക് സമയത്തെക്കുറിച്ചുള്ള ബോധവും, ആധിയും നല്കിക്കൊണ്ടിരുന്നു.
                           
                           9:20 ആയപ്പോഴാണ് അയാൾക്കുള്ള ബസ്സ്‌ എത്തിയത്. അയാൾ ബസ്സിൽ കയറി സൈഡിലെ ഒരു സീറ്റിൽതന്നെ ഇരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് ബസ്സ്‌ സ്റ്റാന്റിൽനിന്നും എടുത്തു. അയാൾ പുറത്തേക്ക് നോക്കിക്കൊണ്ട് ഇരുന്നു. കണ്ടക്ടർ വന്നു കാശ് വാങ്ങി.

      സിറ്റി കഴിഞ്ഞതും ബസ്സ്‌ വേഗത്തിൽ ഓടാൻ തുടങ്ങി. വിജനമായ റോഡ്‌. ഇരുട്ടിൽനിന്നും കാറ്റ് അയാളുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു. ഭാര്യയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇനി അവളെ വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. നല്ലപോലെ സ്നേഹിക്കണം, എല്ലാ  സൌകര്യങ്ങളും ഒരുക്കികൊടുക്കണം. ഒരു രാജകുമാരിയെപ്പോലെ വാഴിക്കണം. അങ്ങിനെ പലതും ചിന്തിച്ചുകൊണ്ട് അയാളങ്ങിനെ ഇരുന്നു.

                             കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് അയാൾ ഉണർന്നത്.
 
       "സ്ഥലമെത്തി".
അയാൾ ബസ്സിലെ ക്ലോക്കിലേക്കു നോക്കി. 10:30 !
പെട്ടെന്നുതന്നെ സാധനങ്ങൾ എടുത്ത് ഇറങ്ങി.

ഈ അടുത്തകാലത്തൊന്നും ഇത്ര വൈകി വീട്ടിൽ ചെന്നിട്ടില്ല! അയാൾ വേഗത്തിൽ നടന്നു.
ചെന്നപാടേ കിടന്നുറങ്ങണം. ക്ഷീണം അയാളെ വിട്ടുപോയിരുന്നില്ല!

                                               നടന്നു നടന്ന് അയാൾ വീട്ടുപടിക്കൽ എത്തി. വീടിനകത്ത് ലൈറ്റ് കത്തുന്നുണ്ട്. ആരും ഉറങ്ങിയില്ലേ...!
കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും, അവൾ എന്നെ കാത്തിരിക്കുകയാവും. പാവം!    കുട്ടികളെ ഉണർത്തേണ്ട എന്നുകരുതി അയാൾ കോളിംഗ്ബെൽ അടിച്ചില്ല, വാതിലിൽ തട്ടിവിളിച്ചു.

 ആരും വന്നില്ല!

കുറച്ചുകഴിഞ്ഞ് വീണ്ടും തട്ടിനോക്കി.

ആരും വാതിൽ തുറന്നില്ല.

അയാൾ അത്യാവശ്യം ഉറക്കെ ഭാര്യയുടെ പേര് വിളിച്ചുകൊണ്ട് വാതിലിൽ മുട്ടി.

അകത്ത് ഒരു അനക്കവും കേൾക്കാനില്ല!

കുറച്ച് നേരംകൂടി കാത്തുനിന്നശേഷം അയാൾ കോളിങ്ങ്ബെൽ അടിക്കാൻ തീരുമാനിച്ചു. പതുക്കെ ഒരു പ്രാവശ്യം വിരൽ അമർത്തി.

ആരും വന്നില്ല!

വീണ്ടും ഒന്നുക്കൂടെ സ്വിച്ച് അമർത്തി.

ആരും വാതിൽ തുറന്നില്ല!

അയാൾക്ക് ദേഷ്യം വന്നുതുടങ്ങി.
എവിടെ അവൾ ! അയാൾ രണ്ടു തവണകൂടി ബെൽ അടിച്ചു.

ഒരു അനക്കവും കേൾക്കാനില്ല!

ദേഷ്യംമൂത്ത അയാൾ ബെൽ അമർത്തിപ്പിടിച്ചു.

                ർണീം...................................................................................................

ഇപ്പോൾ അകത്തുനിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.

അവളിങ്ങുവരട്ടെ കാണിച്ചുകൊടുക്കാം, അയാൾ കാത്തുനിന്നു. അയാൾ വളരെ ദേഷ്യത്തിലായിരുന്നു. ഭാര്യവന്ന് വാതിൽ തുറന്നതും അയാൾ അവളെ ഒരു ചവിട്ട്.
       "എവിടെച്ചെന്നു കിടക്കുകയായിരുന്നെടീ കഴുവേറീടെ മോളെ?"


അങ്ങനെ കുറച്ചു 'വനിതകൾ' കാരണം അന്നാദ്യമായി ആ സ്ത്രീക്ക് തൻറെ ഭർത്താവിൻറെ ചവിട്ട് കൊണ്ടു!

1 comment: