Thursday 5 November 2015

ഗുരു

ഗുരു 

                                                    അയാൾ ഷോപ്പിൽ ഇരിക്കുമ്പോഴാണ് ആ കോൾ വന്നത്. മകൻറെ സ്ക്കൂളിൽനിന്നാണ്. എത്രയും പെട്ടെന്ന് അവിടംവരെ ചെല്ലണമെന്ന്, എന്തോ അത്യാവശ്യ കാര്യമാണത്രേ ..തൻറെ മകന് എന്തെങ്കിലും അപകടം ഉണ്ടായോ എന്ന് അയാൾ പേടിയോടെ ചോദിച്ചു.അതൊന്നുമല്ല വലിയ ഒരു അപകടം വരാനിരിക്കുന്നുണ്ട്.അതിനെപ്പറ്റി പറയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു.
                          അയാൾ പെട്ടെന്നുതന്നെ വണ്ടിയെടുത്ത് പോയി.

                                                  പ്രിൻസിപലിന്റെ റൂമിലേക്ക് കയറുമ്പോൾ അയാൾ ശ്രദ്ധിച്ചു, പ്രിന്സിപലിനെക്കൂടാതെ മൂന്ന് ടീച്ചേഴ്സും അവിടുണ്ട്.തന്റെ മകൻ ഒരു മൂലയിൽ നിൽക്കുന്നു.
           "ഇരിക്കൂ..." പ്രിൻസിപൽ പറഞ്ഞു.
              അയാൾ ആകാംഷയോടെ ഇരുന്നു.
        "നിങ്ങളുടെ മകൻ ചെയ്തത് എന്താണെന്ന് അറിയണോ..?"പ്രിൻസിപൽ കുട്ടിയെ നോക്കിക്കൊണ്ടു പറഞ്ഞു. അയാൾ തന്റെ മകനെ തിരിഞ്ഞുനോക്കി.അവൻ തലതാഴ്ത്തി നിൽക്കുന്നു.
     "അവൻ സ്ക്കൂൾ ബാത്ത്റൂമിൽ സിഗരറ്റ് വലിച്ചു.അടുത്ത ക്ലാസ്സിലെ ഒരു കുട്ടി കണ്ടതുകൊണ്ട് ഞങ്ങൾക്ക് കാര്യം അറിയാൻ പറ്റി.നാലാംക്ലാസ്സിൽ പഠിക്കുന്ന ഒരുകുട്ടി സിഗരറ്റ് വലിക്കുകയെന്നാൽ എന്താ അതിന്റെ അർത്ഥം, നിങ്ങളുടെ വളർത്തുദോഷം എന്നല്ലേ..? ആരെങ്കിലും അറിഞ്ഞാൽ സ്ക്കൂളിന്റെ സൽപ്പേര് പോയിക്കിട്ടും.ഞങ്ങൾക്കാർക്കും ആളുകളുടെ മുഖത്തും നോക്കാൻ പറ്റാതാവും.നിങ്ങളുടെ മകൻ മാത്രമല്ല ഇവിടെ പഠിക്കുന്നത്,മറ്റുകുട്ടികളുടെ രക്ഷിതാക്കളോട് ഞങ്ങൾ എന്ത് മറുപടി പറയും?" പ്രിൻസിപൽ രോഷാകുലനായി.
                ആകെ തരിച്ചുപോയ അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.അയാൾ ദേഷ്യത്തോടെ മകനെ നോക്കി.അവൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു!
                     പിന്നെ ടീച്ചേഴ്സിന്റെ ഊഴമായി.അവരും അവൻറെ സ്വഭാവദൂശ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.ദേഷ്യവും സങ്കടവും അയാൾക്ക് ഒരുപോലെ അനുഭവപ്പെട്ടു.
                                             ഇനി ഇത് ആവർത്തിച്ചാൽ TC തന്ന് പറഞ്ഞുവിടുമെന്ന് താക്കീത് ചെയ്ത് പ്രിൻസിപൽ അയാളെ പറഞ്ഞയച്ചു.
                നീ വീട്ടിലേക്ക് വാ കാണിച്ചുതരാം എന്നതരത്തിൽ മകനെ ഒരു നോട്ടം നോക്കി അയാൾ പടിയിറങ്ങി.
                      അയാൾ നേരെ പോയത് വീട്ടിലേക്കാണ്.ഷോപ്പിലേക്ക് പോകാനുള്ള ഒരു മാനസികാവസ്ഥയായിരുന്നില്ല അയാൾക്ക്.

                                 വീട്ടിലെത്തിയപാടെ അയാൾ ഭാര്യയോട് തട്ടിക്കയറി."നിൻറെ പുന്നാരമോൻ സ്ക്കൂളിൽ ചെയ്തത് എന്താന്നറിയോ..? സിഗരറ്റ് വലിച്ചെന്ന്!! പ്രിസിപാലും ടീച്ചർമാരുംച്ചേർന്നു എന്നെ സ്ക്കൂളിലേക്ക് വിളിപ്പിച്ചിരുന്നു.ഒരുപാട് പറയുകയും ചെയ്തു.കേട്ടുനിൽക്കാതെ നിവിർത്തിയില്ലല്ലോ.."
  ആ അമ്മക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"എൻറെ മോൻ അങ്ങിനൊന്നും ചെയ്യില്ല.എനിക്കറിയാം അവനെ.കുട്ടികൾ വെറുതേ എന്തെങ്കിലും പറഞ്ഞുകൊടുത്തതായിരിക്കും."അവർ പറഞ്ഞു.
               "പിന്നെന്തിനാടീ അവൻ എന്നെ കണ്ടപ്പോൾ തലതാഴ്ത്തി നിന്നത്? അവൻ വലിച്ചിട്ടുണ്ട്. അവനത് എവിടുന്ന് കിട്ടി, അതാണ്‌ അറിയാത്തത്! കുരുത്തംകെട്ടവൻ !!" അയാൾ പൊട്ടിത്തെറിച്ചു.
                            "നിങ്ങൾ അവനെമാത്രമങ്ങ് കുറ്റം പറയണ്ട,നിങ്ങളുടെ സ്വഭാവം ഇത്ര നല്ലതാണോ ?" ഭാര്യയും വിട്ടുകൊടുത്തില്ല.
                               "എൻറെ സ്വഭാവം നിനക്ക് ശരിക്കറിയില്ല.ഇന്നവനിങ്ങു വരട്ടെ, കാണിച്ചുകൊടുക്കാം.നിനക്കൊക്കെ വീട്ടിലിരുന്നാ പോരെ, പുറത്തെ കാര്യം വല്ലതും നിനക്കറിയണോ.. എല്ലാവരും എന്നോടല്ലേ ചോദിക്കൂ.. അല്ലങ്കിൽത്തന്നെ കടയുടെ വാടക തെറ്റി, വീടിന്റെ കറന്റ്ബില്ല് അടച്ചിട്ടില്ല, ബൈക്കിൻറെ ലോണ്, വീടിൻറെ ലോണ്, കടയിലാണെങ്കിൽ പുതിയ സാധനങ്ങളും വരാറായി.അങ്ങനെ ആവശ്യത്തിലധികം തലവേദന ഇപ്പോള്തന്നെയുണ്ട്‌, അതിനിടക്കാ ഇപ്പോ ഇത്. ഇന്നവന്റെ പുറം ഞാൻ പൊളിക്കും, നോക്കിക്കോ.." രോഷാകുലനായി അയാൾ പുറത്തേക്കുവന്നു.
             ടെൻഷൻ..ടെൻഷൻ..ടെൻഷൻ...അയാൾക്കാകെ ഭ്രാന്തുപിടിക്കുന്നപോലെ തോന്നി.അയാളൊരു സിഗരെറ്റെടുത്ത് കത്തിച്ചു!

                   "ആശാനു പിഴച്ചാൽ ഏത്തമില്ലല്ലോ..!!"

1 comment: