Monday 26 October 2015

ഉപ്പിനേക്കാൾ വലുത്

ഉപ്പിനേക്കാൾ വലുത് 

                                        ഒരിക്കൽ ഞാനും അനിയത്തിയും ഒരു യാത്ര കഴിഞ്ഞ് വരികയായിരുന്നു. ബസ്സ്സ്റ്റാന്റിൽ ഒരു കടയുടെ മുൻപിൽ നിൽക്കുമ്പോഴാണ് അവൾ കടയിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞത്,
 "എനിക്കത് വേണം".
ഞാൻ തിരിഞ്ഞുനോക്കി ചോദിച്ചു,
"എന്ത്?" 
അവൾ എൻറെ കൈ പിടിച്ചുവലിച്ച് കടയിലേക്ക് കയറി, ഒരുഭാഗത്ത് തൂക്കിയിട്ടിരുന്ന കോഴികുഞ്ഞുങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ തൊട്ടു കാണിച്ച് പറഞ്ഞു, "ഇത്". 
                       കൊള്ളാമല്ലോ! ഞാൻ അതിൽ ഒന്ന് എടുത്ത് നോക്കി.അപ്പോൾ കടക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നുപറഞ്ഞു, "നല്ലതാ...ഒരെണ്ണം കുട്ടിക്ക് വാങ്ങി കൊടുത്തേക്ക്,ചാവി തിരിച്ചാൽ ശബ്ദം ഉണ്ടാക്കും" എന്നും പറഞ്ഞ് അയാൾ ഒന്നെടുത്ത് ചാവി തിരിച്ചു.
                                  കിയോം കിയോം ....,കിയോം കിയോം..
                                  ആഹാ....ഇത് കൊള്ളാമല്ലോ .. ഞാനും വിചാരിച്ചു! 
                        അനിയത്തിക്ക് നല്ല ബോധിച്ച മട്ടാണ്. എന്തായാലും   ഞാൻ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു! "എത്രയാ വില?" ഞാൻ ചോദിച്ചു.
                "30 രൂപ" അയാൾ പറഞ്ഞു.
                "25 പോരേ?" ഞാൻ ചോദിച്ചുനോക്കി.
               "പോര,. ഇതിന്മെലൊന്നും വല്ല്യ ലാഭല്ല്യാ..അതോണ്ടാ.." അയാൾ മറുപടി പറഞ്ഞു.
                     അങ്ങിനെയെങ്കിൽ അങ്ങിനെ,ഞാൻ അധികം ചോദിക്കാനൊന്നും പോയില്ല. ഏതായാലും ഞാനൊരെണ്ണം വാങ്ങി അനിയത്തിക്ക് കൊടുത്തു. അവൾക്ക് വളരെ സന്തോഷമായി.
     തിരിച്ചുവരുമ്പോൾ ബസ്സിലിരുന്ന് അവൾ അതുമായി കളിച്ചുകൊണ്ടിരുന്നു.

                                      വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി ഞങ്ങൾ വീട്ടിലേക്ക് നടന്നു. കളിപ്പാട്ടവുമായി കളിക്കാൻ വേണ്ടിയാകണം അവൾ എന്നേക്കാൾ വേഗത്തിൽ നടന്നു!
                                         വീട്ടിലേക്ക് കയറുമ്പോൾ വീട്ടിനകത്തുനിന്നും ചില ചെറിയ ശബ്ദങ്ങൾ ഞങ്ങൾ കേട്ടു.
                            കിയോം..കിയോം ,.കിയോം..,കിയോം..കിയോം..
ഞങ്ങൾ വീടിനകത്ത് കടന്നു. അവിടെ കുറച്ച് കോഴിക്കുട്ടികൾ ഓടിനടക്കുന്നത് കണ്ടു. എൻറെ ഉമ്മയും സഹോദരങ്ങളും അവിടെയുണ്ട്.
ഞാൻ ചോദിച്ചു "എവിടുന്ന് കിട്ടി കോഴിക്കുഞ്ഞുങ്ങളെ ? "
ഉമ്മ പറഞ്ഞു, "ഇവിടെഒരു സൈക്കിൾക്കാരൻ വന്നിരുന്നു കുറേ കോഴികുഞ്ഞുങ്ങളുമായി ,ഞങ്ങൾ 5 എണ്ണം വാങ്ങി. ഒന്നിന് 10 രൂപയായി!"
ഞാൻ ഒന്ന് ഞെട്ടി!!
ജീവനുള്ള കോഴിക്കുഞ്ഞിന് 10 രൂപ, കുറച്ചുമുൻപ്‌ ഞാൻ വാങ്ങിയ പ്ലാസ്റ്റിക്കിന്റെ കോഴിക്കുഞ്ഞിന് 30 രൂപയും..!!
                ദൈവമേ... ഉപ്പിനേക്കാൾ വലുതോ ഉപ്പിലിട്ടത് !!!?


"ആളുകൾ ഭംഗിയുള്ള അസത്യങ്ങൾക്ക് സത്യത്തേക്കാൾ വിലകൽപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്!!"

6 comments: