Saturday 24 October 2015

കറുത്ത പൂച്ച

കറുത്ത പൂച്ച 


                                                            ഇന്ന് അയാൾക്ക് ഇന്റർവ്യൂ ആണ്. രാവിലെ 8.30 നു തന്നെ അവിടെ റിപ്പോർട്ട്‌ ചെയ്യണം. അതുകൊണ്ടുതന്നെയാണ് അയാൾ നേരത്തേ എഴുന്നേറ്റത്‌. പല്ലുതേപ്പും,കുളിയും,ഭക്ഷണവും എല്ലാം കഴിഞ്ഞ് ബാഗും എടുത്ത് പുറത്തിറങ്ങിയതും ഒരു കറുത്ത പൂച്ച അയാളുടെ മുൻപിലേക്ക്  ചാടിയതും ഒരുമിച്ചായിരുന്നു.
                                          "ങ്യാവൂ........"
"നശിച്ച പൂച്ച, പണ്ടാരം പേടിപ്പിച്ചുകളഞ്ഞു" .അയാൾ കയ്യിൽകിട്ടിയ കല്ലെടുത്ത് ഒരു ഏറുകൊടുത്തു.
                                  "ങ്യാാാവൂൂൂൂ.........."
ഏറുകൊണ്ട പൂച്ച എങ്ങോട്ടോ ഓടിമറഞ്ഞു.
"പണ്ടാരം,കറുത്ത പൂച്ചയാണ്, ദുശ്ശകുനം"! പിറുപിറുത്തു കൊണ്ട് അയാൾ റോഡിലേക്കിറങ്ങി.



                                                             ഇന്റെർവ്യൂവിൽ പരാജയപ്പെട്ട് വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ അയാൾ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു. ആ പൂച്ചയെ കൊല്ലണം! കറുത്ത പൂച്ച ദുശ്ശകുനമാണ്. രാവിലെ അതിനെ കണി കണ്ടതുകൊണ്ടാണ് താൻ ഇന്റെർവ്യൂവിൽ പരാജയപ്പെട്ടത് എന്ന ചിന്ത അയാളുടെ ദേഷ്യം കൂട്ടി. വഴിവക്കിൽ കണ്ട ഒരു മരത്തടി അയാൾ കയ്യിൽ കരുതുകയും ചെയ്തു.

                                                                          നടന്ന് നടന്ന് വീടെത്താറായി. അപ്പോഴാണ് ഗേറ്റിന്റെ മുൻപിൽ റോഡിലായി കറുത്ത എന്തോ ഒന്ന് കിടക്കുന്നത് അയാളുടെ കണ്ണിൽപെട്ടത്. അടുത്തേക്ക് ചെല്ലുംതോറും അത് ഒരു പൂച്ചയെപ്പോലെ അയാൾക്ക്‌ തോന്നി. അങ്ങിനെതന്നെ ആവണമേ എന്ന് അയാൾ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അടുത്തെത്തിയപ്പോൾ അയാൾ ശരിക്കും സന്തോഷിച്ചു. അതെ രാവിലെ കണ്ട അതേ പൂച്ച! ഏതോ വണ്ടിതട്ടി ചത്തതാണ്. "ഹാവൂ...". മരത്തടി ഗേറ്റിന്റെ ഒരു മൂലയിലേക്ക് എറിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ ഇനി ഒരിക്കലും ആ നശിച്ച പൂച്ചയെ കണി കാണേണ്ടി വരില്ലല്ലോ   എന്നോർത്ത്‌ അയാൾ സന്തോഷിച്ചു. പക്ഷെ, ആ പൂച്ച ഇന്ന് ഏത് 'കറുത്ത പൂച്ച'യെ കണി കണ്ടതുകൊണ്ടാണ് അതിൻറ്റെ  ജീവൻപോലും അതിനു നഷ്ട്ടമായത് എന്ന കാര്യം  അയാൾ ഓർത്തില്ല.!!                                                                                                                                        


4 comments: