Monday 27 July 2020

ലോക്ക്UP

ലോക്ക്UP  



                    ദിനേശൻ ഒരു കച്ചവടക്കാരനാണ്.ഒഴിവുദിവസങ്ങളിലും ഞായറാഴ്ചകളിലും അയാൾ വീടും പരിസരങ്ങളും വൃത്തിയാക്കാൻ സമയം കണ്ടെത്താറുണ്ട്.അത്യാവശ്യം ചെടികളും മറ്റും വീട്ടുമുറ്റത്തു വളർത്തിയിരുന്നു.വീടിൻ്റെ പിറകിലായി ഒരു പച്ചക്കറിത്തോട്ടവുമുണ്ട്.വീട്ടിലൊരു അക്ക്വേറിയം വെക്കണമെന്ന് കുറെയായി അയാൾ ആലോചിക്കുന്നു.

                                        അങ്ങനെയിരിക്കെ ഒരുദിവസം  കടയിൽനിന്നും നേരത്തേ ഇറങ്ങിയ അയാൾ തൻ്റെ സുഹൃത്ത് നിർദ്ദേശിച്ച അക്ക്വേറിയം കടയിൽ എത്തി.പലതരത്തിലുള്ള മീനുകൾ നിറഞ്ഞ അക്ക്വേറിയങ്ങൾ നിരനിരയായി വെച്ചിരിക്കുന്നു.മീനുകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അങ്ങനെ നീങ്ങുന്നതിനിടയിലാണ് കുറച്ചപ്പുറത്തു തൂങ്ങുന്ന തത്തക്കൂടുകൾ അയാൾ ശ്രദ്ധിച്ചത്.പലതരം തത്തകൾ.ഒരു തത്തയെ വാങ്ങി പരിശീലനം കൊടുത്താൽ അത് നന്നായി സംസാരിക്കും.എന്നിട്ടുവേണം കുടുംബക്കാരുടെ മുന്നിലൊന്ന് ഗമ കാണിക്കാൻ.അയാൾ മനസ്സിൽ കരുതി.നാടൻ തത്തതന്നെയാണ് അതിന് നല്ലത്.,വിലയും കുറയും.കടക്കാരനും അത് ശരിവച്ചു.''നാടൻതത്ത നന്നായി സംസാരിക്കും''.
അങ്ങനെ തത്തയെയും വാങ്ങി അയാൾ വീട്ടിലേക്ക് വച്ചുപിടിച്ചു.

                                            എന്നും രാവിലെയും വൈകുന്നേരവും അയാൾ തത്തക്ക് പരിശീലനം കൊടുത്തുകൊണ്ടിരുന്നു.ദിവസങ്ങൾ കഴിയുംതോറും തത്ത സംസാരിക്കാൻ തുടങ്ങിയതായി അയാൾക്ക് തോന്നിത്തുടങ്ങി.പക്ഷെ,ആളുകളുടെ മുൻപിൽ കാണിക്കാനിതുപോര,കുറച്ചുകൂടെ കഴിയട്ടെ.അയാൾ മനസ്സിൽ കരുതി.

                                       അങ്ങനെയിരിക്കെ ഒരുദിവസം കടയിലിരിക്കുമ്പോഴാണ് ഒരു ബഹളം കേട്ടത്.അയാൾ പുറത്ത്ചെന്ന് നോക്കി.രണ്ടുപേർ തമ്മിൽ അടികൂടുന്നു.അതിലൊരാൾ ദിനേശൻറെ സുഹൃത്തായിരുന്നു.മറ്റെയാളെ ദിനേശന് അത്ര പരിചയം ഇല്ലായിരുന്നു.ദിനേശൻ ഓടിച്ചെന്ന് പ്രശ്‌നം പരിഹരിക്കാൻ വേണ്ടി അവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.അതിനിടയിൽ അപരിചിതന്റെ കൈ ദിനേശന്റെ ചെകിടത്ത് കൊണ്ടു.നന്നായി വേദനിച്ചപ്പോൾ ദിനേശന് ദേഷ്യം വന്നു.അയാൾ അപരിചിതനെ ആഞ്ഞൊരു തള്ള് തള്ളി.അപരിചിതന്റെ തല ഒരു തൂണിൽ ചെന്നിടിച്ചു.അപ്പോഴേക്കും എവിടെനിന്നോ കുറച്ചു പോലീസുകാർ ഓടിവന്നു.മൂന്നുപേരെയും പിടിച്ചുകൊണ്ടുപോയി ജീപ്പിൽ കയറ്റി.ജീപ്പ് സ്റ്റേഷനിൽ എത്തിയ ഉടനെ എസ്.ഐ.സാറിന്റെ ആജ്ഞ പ്രകാരം മൂന്നുപേരെയും സെല്ലിലടച്ചു.
''ഇനി ഇവിടെ കിടന്ന് തല്ല് കൂടിക്കൊ'' 
എസ്.ഐ പറഞ്ഞു.മൂന്നുപേരും മുഖത്തോട് മുഖം നോക്കി അവിടെയിരുന്നു.
''കുറച്ചു ദിവസം ഉള്ളിൽ കിടക്കുമ്പോൾ തീരും അവരുടെ നെകളിപ്പ്''.
എസ്.ഐ.മൂന്നുപേരും കേൾക്കെ ഉച്ചത്തിൽ കോൺസ്റ്റബിളിനോട് പറഞ്ഞു.

                                                            സംഭവമറിഞ്ഞു നാട്ടിലെ കുറച്ച് രാഷ്ട്രീയക്കാർ സ്റ്റേഷനിൽ വന്നു,എസ് ഐ യോട്  സംസാരിച്ചു.രണ്ടു ദിവസം കഴിയാതെ ഇവരെ വിടാൻ പറ്റത്തില്ല.ആരെങ്കിലും മരിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിലോ..,പോലീസിനാണ് തലവേദന.അതുകൊണ്ട് ഉള്ളിൽ കിടക്കട്ടെ''.എസ്.ഐ. പറഞ്ഞു.അവസാനം കേസൊന്നും ചാർജ് ചെയ്യില്ല എന്ന എസ്.ഐയുടെ വാക്കിൽ തൃപ്തി വരുത്തി രാഷ്ട്രീയക്കാർ സ്റ്റേഷൻ വിട്ടു.

                                                   ആ ദിവസം വളരെ പതുക്കെ നീങ്ങുന്നതുപോലെ മൂന്നുപേർക്കും തോന്നി.വൈകുന്നേരമായപ്പോൾ കോൺസ്റ്റബിൾ വന്ന് ചായ വേണോ എന്ന് ചോദിച്ചു.മൂന്നുപേരും ഒരുമിച്ച് 'വേണ്ട' എന്ന് പറഞ്ഞു.എങ്കിലും ഒരു കുപ്പി വെള്ളം പോലീസുകാരൻ അവർക്ക് കൊണ്ടുകൊടുത്തു.ഒരുപാട് നേരത്തിന് ശേഷം രാത്രിയായി.

                                                      കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ കുറച്ച് ചപ്പാത്തിയും കറിയുമായി വന്നു,സെല്ലിൽ വച്ചിട്ട് പോയി.മൂന്നുപേരും ഒരുമിച്ച് കഴിക്കാനിരുന്നു.മൂന്നുപേർക്കും കഴിച്ചിട്ട് ഇറങ്ങുന്നില്ല.പോലീസുകാരൻ കൈ കഴുകാനും ഫ്രഷ് ആകാനും ഒക്കെയായി സ്റ്റേഷന് അകത്തുതന്നെ ഉള്ള ബാത്റൂം ഏരിയയിലേക്ക് അവരെ കൊണ്ടുപോയി.ഫ്രഷ് ആയ ശേഷം അവരെ വീണ്ടും കൊണ്ടുവന്ന് സെല്ലിൽ അടച്ചു പൂട്ടി.മൂന്നുപേരും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു.ആർക്കും ഉറക്കം വന്നില്ല.ഭാര്യയെയും മക്കളെയും ഓർത്തപ്പോൾ ദിനേശന് കണ്ണിൽ വെള്ളം നിറഞ്ഞു. 

                                                         നീണ്ടനേരത്തെ കാത്തിരിപ്പിനൊടുവിൽ നേരം വെളുത്തു.ദൈവമേ...ഇനി എത്ര ദിവസം ഇതിനകത്ത് തള്ളിനീക്കേണ്ടിവരും എന്നോർത്ത് ദിനേശന് സങ്കടമായി!

                                    അങ്ങനെ പലതും ആലോചിച്ച് ഇരുന്നു.ഇടക്കെപ്പോഴോ പോലീസുകാരൻ ചായ കൊണ്ടുവന്നു കൊടുത്തു.ചായകുടി കഴിഞ് വീണ്ടും അവർ മൂന്നുപേരും ചിന്തിച്ച് അങ്ങനെ ഇരുന്നു.ഇടക്കെപ്പോഴോ ക്ഷീണം കാരണം ദിനേശൻ ഉറങ്ങിപ്പോയി.

                                                  സെൽ തുറക്കുന്ന ശബ്ദം കേട്ടാണ് ദിനേശൻ ഉണർന്നത്.എസ് ഐ മൂന്നുപേരെയും വിളിക്കുന്നു.കോൺസ്റ്റബിൾ പറഞ്ഞു.അവർ എസ ഐ യുടെ റൂമിലേക്ക് നടന്നു.

                                                          അവിടെ എത്തിയപ്പോൾ അതാ പഞ്ചായത്ത് പ്രസിഡന്റും രണ്ടു വാർഡ് മെമ്പർമാരും അവിടെ ഇരിക്കുന്നു.''ഉം.....തല്ക്കാലം മൂന്നിനേയും വിടുകയാണ്.ഇനി ഒരിക്കൽക്കൂടി ഇങ്ങെനെ ഒന്നുണ്ടായാൽ മൂന്നും പിന്നെ പുറംലോകം കാണില്ല,ഓർത്തോ..!!'' എസ് ഐ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

                                                                സ്റ്റേഷന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മാവനും ജേഷ്ഠനും കാത്തുനിൽക്കുന്നു.അവരുടെ മുൻപിൽവെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ദിനേശനെ നന്നായി ഉപദേശിച്ചു.ഇനി ഇങ്ങെനെ ഒന്നും ഉണ്ടാവില്ലെന്ന് അവർക്കും ഉറപ്പ്‌കൊടുത്തു.അമ്മാവനും ദിനേശനും ജേഷ്ഠനും കാറിൽ കയറി.പോകുന്ന വഴിയിൽ അമ്മാവനും ഒരുപാട് ഉപദേശങ്ങൾ ദിനേശന് കൊടുത്തുകൊണ്ടിരുന്നു.പക്ഷെ,ദിനേശൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അയാൾ പുറത്തേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.

                                               കാർ പടികടന്ന് വീട്ടുമുറ്റത്ത് എത്തി.അപ്പോഴാണ് അയാൾ ചിന്തയിൽനിന്ന് ഉണർന്നത്.അയാൾ കാറിൽനിന്നും ഇറങ്ങി.നേരെ പോയത് വീടിനകത്തേക്ക് ആയിരുന്നില്ല.!ആദ്യം അന്വേഷിച്ചത് ഭാര്യയെയോ കുഞ്ഞിനേയോ ആയിരുന്നില്ല.!അയാൾ നേരെ ചെന്നത് തത്തക്കൂടിന്റെ അടുത്തേക്ക് ആയിരുന്നു.അയാൾ കൂടിൻറെ വാതിൽ തുറന്ന് വെച്ചുകൊടുത്തു.ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി നിന്നശേഷം തത്ത കൂട്ടിൽനിന്നും പാറി അകന്നു.തത്ത പാറിപ്പോകുന്നതും നോക്കി അയാൾ അങ്ങെനെ നിന്നു .


                                                                                                                 SHAKKEER KUNNUMMAL

6 comments: